ആച്ചീ,
പിന്‍വാതിലടക്കേണ്ട കാറ്റു കൊള്ളാന്‍
പോയരാത്മാവുണ്ട് പുറത്തു
തിരികെ വരും എനിക്കൊന്നു കാണാനായി
തീറെഴുതി കൊടുത്ത എന്‍റെ ജീവിതത്തിന്റെ
ഉടമ്പടിയില്‍, വരുന്ന നവംബര്‍ മുതല്‍
ഒഴിവു ദിനങ്ങള്‍ അനുവദിച്ചിട്ടുണ്ട്
അന്നു എനിക്ക് കുമ്പസരിക്കണം
മരിച്ചാല്‍ എല്ലാം മറക്കണമെന്നാണല്ലോ
തീര്‍ത്തുമൊരന്യനായയീ വേളയില്‍
എനിക്കമ്മമ്മയോട് കുറേ പറയാനുണ്ട്
ചോദിക്കാനും ...
മരിക്കുമ്പോ പേടിച്ചിരുന്നോ?
വിഷമിച്ചിരുന്നോ വാര്‍ദ്ധക്ക് യത്തില്‍?
വാര്‍ദ്ധക്ക്യം കവിതയുടെ
അവസാനത്തെ വരിയാണ്
ഏറെ ഭംഗിയാവേണ്ടിടം
മരണം ജീവിതത്തിന്റെ
അടിയില്‍ വെക്കുന്ന ഒപ്പും
വിരലുകള്‍ ഇടറരുത് ...
ചൊറിപിടിച്ചയെന്റെ
ബാല്യത്തെ ചകിരിയിട്ടുരക്കുമ്പോ
പൊറ്റ പൊട്ടിയൊലിച്ച ചോരകണ്ട്
അറുത്തു പോയിട്ടില്ല അല്ലെ...
എന്നിട്ടും എനിക്കുമാത്രമെന്താണ്
ഉലയില്‍ വാര്‍ത്ത് ഉരുക്കാക്കി
കുറേ ജീവിതങ്ങളെ തേച്ചു
മിനിക്കിയെടുത്ത ചൂടാല്‍
നിങ്ങടെ നാസികയിലൂടോഴുകിയ
പനിനീരുപോല്‍ ശുദ്ധമാ
രക്തത്തോടിത്രയറപ്പ് തോന്നിയത്
ഉള്ളിലെ ഉണങ്ങാത്ത മുറിവില്‍
ഊതി തന്നതും മറക്കരുതാരുന്നു
സാരമില്ല, ഒരിക്കല്‍ ഞാനും വരാം
മേഘങ്ങള്‍ക്കിടയിലൂടെ
നക്ഷത്രങ്ങളോട് കിന്നാരം
പറഞ്ഞു
അന്നു ഉത്സവത്തിനു അമ്പല
പറമ്പിലൂടെ നടന്ന പോലെ
നമുക്ക് കൈ കോര്‍ത്ത് നടക്കാന്‍ ...
ഇപ്പോഴൊരന്ത്യ ചുംബനം
ബാഹു-ഖത്തര്‍
1. ആച്ചി : ഇളയച്ഛന്റെ ഭാര്യയെ വിളിച്ചിരുന്ന ചെല്ല പേര്
2. തീര്‍ത്തുമൊരന്യനായയീ വേളയില്‍ : അമ്മമ്മ മരിച്ചത് അറിയാതെ പോയി ....
3. തീറെഴുതി കൊടുത്ത ജീവിതം : പ്രവാസം